2009, ജനുവരി 16, വെള്ളിയാഴ്‌ച

ബംഗാള്‍-2009

കഴിഞ്ഞ നാലു നാള്‍ ഞാന്‍ വംഗ ദേശത്തായിരുന്നു. ഇപ്പോള്‍ ബംഗാളില്‍ നിന്നു വാര്‍ത്തകളേറെയുണ്ട്.ഹുഗ്ളിയിലൂടെ ഒരുപാട് ജലമൊഴുകി.ബാവുല്‍ ഗായകരുടെ തളര്‍ന്ന രോദനങ്ങളില്‍ ബംഗാള്‍ ഇപ്പോള്‍ ദുരന്ത സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്നു. നീണ്ട മുപ്പതാണ്ടുകള്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ചുവന്ന സ്വപ്നങ്ങള്‍ ഈ പാവപ്പെട്ട ജനതക്കു നല്‍കി നിങ്ങളുറങ്ങുകയായിരുന്നോ?കാളീ ഘട്ടിലെ ഓരോ ബലിയിലും മനുഷ്യര്‍ ഏതോ ഗത കാല സ്മരണകളില്‍ അവന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചു മൂടി. ഇപ്പോള്‍ ചിരിക്കാത്ത ബുദ്ധന്‍ കാളീഘട്ടില്‍ അലയുന്നു.ഇനിയെന്നായിരിക്കും ആ സുവര്‍ണ ബംഗാള്‍ നിങ്ങള്‍ കെട്ടിയുയര്‍ത്തുക? നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞ ആ വാഗ്ദത്ത ഭൂമി എവിടെയാണ്? എന്നായിരിക്കും ആ നല്ല ഭൂമി ഇനിയും വന്നു ചേരുക? ഓരോ വസന്തത്തിലും,നിങ്ങള്‍ നക്ഷത്രങ്ങള്‍ കാട്ടി വ്യാമോഹിപ്പിച്ചു.ഓരോ വേനലിലും വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചു നിങ്ങള്‍ ഞങ്ങളോട് പറഞ്ഞു.എത്രയോ രക്ത സാക്ഷികള്‍,എത്രയോ പീഡനങ്ങള്‍,എത്രായോ അമാവാസി രാവുകള്‍.എവിടെയെല്ലാം? ഇരുപത്തിനാലു പര്‍ഗാനയില്‍,സന്താളുകളുടെ പോരാട്ട ഭൂമികളില്‍,ബീര്‍ഭുമില്‍,ഹൌറയില്‍,മാള്‍ഡയില്‍,മുര്‍ഷിദാബാദില്‍,പുരുലിയയില്‍.....എല്ലായിടത്തും.എന്തിനായിരുന്നു?മുപ്പതാണ്ടുകള്‍ക്കു ശേഷം ഈ ദൈന്യതയാര്‍ന്ന മുഖങ്ങളിലേക്ക് നോക്കാന്‍ നാണമില്ലേ സഖാക്കളേ?നാണമില്ലേ നിങ്ങള്‍ക്ക്?

2009, ജനുവരി 5, തിങ്കളാഴ്‌ച

കടല്

കവിത

കടല്‍
മെഹമൂദ്

കടല്‍
അശാന്തിയാണ്
അതിന്റെ അപാരതയില്‍നിന്നാണ്
സൂര്യനുണ്ടാവുന്നതു

കടല്‍ ഭയമാണ്
അതിന്റെ അഘാധതയില്‍ സൂര്യന്‍ മുങ്ങി മരിക്കുന്നു
അത് ജീവിതം പോലെ ചുഴികളും,ഗര്ത്തങ്ങളുമായി
പവിഴപ്പുറ്റുകളുടെ വര്ണങ്ങളിലേക്ക്
നീന്തിപ്പോകുന്നു
സന്ധ്യ
കടലിന്റെയപാര തീരങ്ങളിലേക്ക്
ദുഖ വെള്ളിയാഴ്ചകളായെത്തുന്നു
ഒറ്റയാനൊരു യാനപാത്രം
പുറം കടലിലഞ്ഞു നടക്കുന്നു
മുക്കുവക്കുടിലുകളില്‍ അലമുറയുയരുന്നു
ഏതോ ഒരു മുക്കുവപ്പെണ്ണു കാത്തിരിക്കുന്നു
കണാക്കയങ്ങളിലേക്കാരോ മുങ്ങിയിറങ്ങുന്നു
ജലശംഖുകള്‍ കരയുന്നു
മല്സ്യ കന്യകകള്‍
കാതോര്ക്കുന്നു
നീരാളികളുടെ കൈകളില്‍നിന്നു
ദൈവം ഊര്‍ന്നിറങ്ങി വരുന്നു
കടല്‍ക്കുതിരകള്‍
സാത്താനെതിരെ
പട നയിക്കുന്നു

ഒരു പെണ്ണു അശാന്തിയുടെ ഈ തീരത്ത് ഇപ്പൊഴും ആരെയോ കാത്തിരിക്കുന്നു

കടല്‍ ഒരു സന്‍ചാരിയാണു
അതു നാടുകളില്‍നിന്നു നാടുകളിലേക്കു
കപ്പലോടിക്കുന്നു
തീരങ്ങള്‍ പിടിക്കുന്നു
പീരങ്കികള്‍ ഗര്ജ്ജിക്കുന്നു
വെടിയുപ്പു മണക്കുന്നു
മുടന്തി നടക്കുന്ന ഞണ്ടുകള്‍
അധിനിവെശത്തിന്റെ
നൂറ്റാണ്ടു പിറവികളാഘോഷിക്കുന്നു

ഗാമയുടെ കപ്പലെത്തുന്നു
സാമൂതിരിക്കു സന്തോഷം
കടല്‍ കൊള്ളയുടെ ഇരകളെന്ന പോല്‍
ഒരു ഹജ്ജു കപ്പല്‍ തീരമണയുന്നു
ഗാമ ഇരകളെ കാത്തിരിക്കുന്നു
കടലിനു തീപ്പിടിക്കുന്നു
കുഞ്ഞാലി മരക്കാര്‍
പട നയിക്കുന്നു
വെടിമരുന്നറകളില്‍ നിന്നു
ചതിയുടെ കടല്‍പ്പാംബുകള്‍
പുറപ്പെടുന്നു

കടല്‍ പ്രണയിനിയാകുന്നു
പളനിയെ കടലെടുക്കുമ്പോള്‍
അതു കറുത്തമ്മയെ വിധവയാക്കുന്നു
തകഴി അസ്വസ്ഥനായി
പുറക്കാട്ടു കടപ്പുറത്തലയുന്നു
ചെംബന്‍കുഞ്ഞിനെ പേനയില്‍ കൊരുത്തെടുക്കുന്നു
അതു കിഴവനും കടലുമായി
ഹെമിങ്വേയുടെ
ഉറക്കം കെടുത്തുന്നു

കടല്‍
അതു ഞാന്‍ തന്നെ
എന്റെ കാലടിയില്‍ മണല്‍ത്തരികളായി
അതു മുരണ്ടുറങ്ങുന്നു
അതിന്റെ മണല്‍ത്തിട്ടകളില്‍
ഞണ്ടുകള്‍
പ്രണയിക്കുന്നു
ഇരുണ്ട രാത്രിയാകശങ്ങളില്‍ നിന്നു
ഒരൊറ്റ നക്ഷത്രം
കടലിലേക്കു ചാടുന്നു
ആത്മാഹുതിയുടെ പ്രപന്ച സത്യം പോലെ
അതു കടലിന്നഗാധതയിലേക്കൊടുങ്ങിപ്പോകുന്നു

കടല്‍
പ്രവാചകന്റെ വഴിയാകുന്നു
അതു
മോശയുടെ മാന്ത്രിക വടിയായി
ചെങ്കടല്‍ പിളര്ക്കുന്നു
ഫറവോനെ മുക്കിക്കൊല്ലുന്നു
നോഹയുടെ പെട്ടകമായി
ജീവ ജാലങ്ങള്‍ക്കാശ്രയമാകുന്നു
രാമന്റെ പരശുവായി കടലിനെ കരയാക്കുന്നു
സേതു ബന്ധനത്താല്‍ സീതയെ വീണ്ടെടുക്കുന്നു
ത്രേതായുഗത്തിലെ രാമനായി
അതു രാവണന്‍ കോട്ടകള്‍
ഭേദിക്കുന്നു

കടല്‍ ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളാകുന്നു
കാത്തിരിപ്പിന്റെ വിരഹ നൊംബരങ്ങളില്‍
അതു ചാകര സ്വപ്നം കാണുന്നു
ചീഞ്ഞ മീന്‍ മണവുമായി കടല്‍കാറ്റെത്തുംബോള്‍
എവിടെയോ കടലെടുത്തൊരരയന്റെ ജഡം കരക്കണയുന്നു
അരയത്തി കടലമ്മയെ പ്രാകുന്നു
കടലില്‍നിന്നു കരയിലേക്കു മീനുകള്‍
യാത്രയാകുന്നു
കടല്‍ക്കൊള്ളക്കാരുടെ വഞ്ചികളില്‍ ചാകര നിറയുന്നു
അരയന്റെ മനസ്സില്‍ വലകള്‍ പിഞ്ഞിപ്പോയിരിക്കുന്നു
കടലെടുത്ത അരയനു വേണ്ടി ആരോ ബലിയിടുന്നു

കടല്‍ ബലിക്കക്കകളെ കൈ കൊട്ടി വിളിക്കുന്നു
ബലിക്കാക്കകള്‍ കരയുന്നില്ല
നനഞ്ഞ ആത്മാക്കളായി പറന്നെത്തുന്നില്ല
സ്വപ്നങ്ങളില്‍പ്പോലും വരുന്നില്ല.
---------------------