2009, ജനുവരി 16, വെള്ളിയാഴ്‌ച

ബംഗാള്‍-2009

കഴിഞ്ഞ നാലു നാള്‍ ഞാന്‍ വംഗ ദേശത്തായിരുന്നു. ഇപ്പോള്‍ ബംഗാളില്‍ നിന്നു വാര്‍ത്തകളേറെയുണ്ട്.ഹുഗ്ളിയിലൂടെ ഒരുപാട് ജലമൊഴുകി.ബാവുല്‍ ഗായകരുടെ തളര്‍ന്ന രോദനങ്ങളില്‍ ബംഗാള്‍ ഇപ്പോള്‍ ദുരന്ത സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്നു. നീണ്ട മുപ്പതാണ്ടുകള്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ചുവന്ന സ്വപ്നങ്ങള്‍ ഈ പാവപ്പെട്ട ജനതക്കു നല്‍കി നിങ്ങളുറങ്ങുകയായിരുന്നോ?കാളീ ഘട്ടിലെ ഓരോ ബലിയിലും മനുഷ്യര്‍ ഏതോ ഗത കാല സ്മരണകളില്‍ അവന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചു മൂടി. ഇപ്പോള്‍ ചിരിക്കാത്ത ബുദ്ധന്‍ കാളീഘട്ടില്‍ അലയുന്നു.ഇനിയെന്നായിരിക്കും ആ സുവര്‍ണ ബംഗാള്‍ നിങ്ങള്‍ കെട്ടിയുയര്‍ത്തുക? നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞ ആ വാഗ്ദത്ത ഭൂമി എവിടെയാണ്? എന്നായിരിക്കും ആ നല്ല ഭൂമി ഇനിയും വന്നു ചേരുക? ഓരോ വസന്തത്തിലും,നിങ്ങള്‍ നക്ഷത്രങ്ങള്‍ കാട്ടി വ്യാമോഹിപ്പിച്ചു.ഓരോ വേനലിലും വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചു നിങ്ങള്‍ ഞങ്ങളോട് പറഞ്ഞു.എത്രയോ രക്ത സാക്ഷികള്‍,എത്രയോ പീഡനങ്ങള്‍,എത്രായോ അമാവാസി രാവുകള്‍.എവിടെയെല്ലാം? ഇരുപത്തിനാലു പര്‍ഗാനയില്‍,സന്താളുകളുടെ പോരാട്ട ഭൂമികളില്‍,ബീര്‍ഭുമില്‍,ഹൌറയില്‍,മാള്‍ഡയില്‍,മുര്‍ഷിദാബാദില്‍,പുരുലിയയില്‍.....എല്ലായിടത്തും.എന്തിനായിരുന്നു?മുപ്പതാണ്ടുകള്‍ക്കു ശേഷം ഈ ദൈന്യതയാര്‍ന്ന മുഖങ്ങളിലേക്ക് നോക്കാന്‍ നാണമില്ലേ സഖാക്കളേ?നാണമില്ലേ നിങ്ങള്‍ക്ക്?

അഭിപ്രായങ്ങളൊന്നുമില്ല: