2009, ജനുവരി 16, വെള്ളിയാഴ്‌ച

ബംഗാള്‍-2009

കഴിഞ്ഞ നാലു നാള്‍ ഞാന്‍ വംഗ ദേശത്തായിരുന്നു. ഇപ്പോള്‍ ബംഗാളില്‍ നിന്നു വാര്‍ത്തകളേറെയുണ്ട്.ഹുഗ്ളിയിലൂടെ ഒരുപാട് ജലമൊഴുകി.ബാവുല്‍ ഗായകരുടെ തളര്‍ന്ന രോദനങ്ങളില്‍ ബംഗാള്‍ ഇപ്പോള്‍ ദുരന്ത സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്നു. നീണ്ട മുപ്പതാണ്ടുകള്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ചുവന്ന സ്വപ്നങ്ങള്‍ ഈ പാവപ്പെട്ട ജനതക്കു നല്‍കി നിങ്ങളുറങ്ങുകയായിരുന്നോ?കാളീ ഘട്ടിലെ ഓരോ ബലിയിലും മനുഷ്യര്‍ ഏതോ ഗത കാല സ്മരണകളില്‍ അവന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചു മൂടി. ഇപ്പോള്‍ ചിരിക്കാത്ത ബുദ്ധന്‍ കാളീഘട്ടില്‍ അലയുന്നു.ഇനിയെന്നായിരിക്കും ആ സുവര്‍ണ ബംഗാള്‍ നിങ്ങള്‍ കെട്ടിയുയര്‍ത്തുക? നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞ ആ വാഗ്ദത്ത ഭൂമി എവിടെയാണ്? എന്നായിരിക്കും ആ നല്ല ഭൂമി ഇനിയും വന്നു ചേരുക? ഓരോ വസന്തത്തിലും,നിങ്ങള്‍ നക്ഷത്രങ്ങള്‍ കാട്ടി വ്യാമോഹിപ്പിച്ചു.ഓരോ വേനലിലും വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചു നിങ്ങള്‍ ഞങ്ങളോട് പറഞ്ഞു.എത്രയോ രക്ത സാക്ഷികള്‍,എത്രയോ പീഡനങ്ങള്‍,എത്രായോ അമാവാസി രാവുകള്‍.എവിടെയെല്ലാം? ഇരുപത്തിനാലു പര്‍ഗാനയില്‍,സന്താളുകളുടെ പോരാട്ട ഭൂമികളില്‍,ബീര്‍ഭുമില്‍,ഹൌറയില്‍,മാള്‍ഡയില്‍,മുര്‍ഷിദാബാദില്‍,പുരുലിയയില്‍.....എല്ലായിടത്തും.എന്തിനായിരുന്നു?മുപ്പതാണ്ടുകള്‍ക്കു ശേഷം ഈ ദൈന്യതയാര്‍ന്ന മുഖങ്ങളിലേക്ക് നോക്കാന്‍ നാണമില്ലേ സഖാക്കളേ?നാണമില്ലേ നിങ്ങള്‍ക്ക്?

2009, ജനുവരി 5, തിങ്കളാഴ്‌ച

കടല്

കവിത

കടല്‍
മെഹമൂദ്

കടല്‍
അശാന്തിയാണ്
അതിന്റെ അപാരതയില്‍നിന്നാണ്
സൂര്യനുണ്ടാവുന്നതു

കടല്‍ ഭയമാണ്
അതിന്റെ അഘാധതയില്‍ സൂര്യന്‍ മുങ്ങി മരിക്കുന്നു
അത് ജീവിതം പോലെ ചുഴികളും,ഗര്ത്തങ്ങളുമായി
പവിഴപ്പുറ്റുകളുടെ വര്ണങ്ങളിലേക്ക്
നീന്തിപ്പോകുന്നു
സന്ധ്യ
കടലിന്റെയപാര തീരങ്ങളിലേക്ക്
ദുഖ വെള്ളിയാഴ്ചകളായെത്തുന്നു
ഒറ്റയാനൊരു യാനപാത്രം
പുറം കടലിലഞ്ഞു നടക്കുന്നു
മുക്കുവക്കുടിലുകളില്‍ അലമുറയുയരുന്നു
ഏതോ ഒരു മുക്കുവപ്പെണ്ണു കാത്തിരിക്കുന്നു
കണാക്കയങ്ങളിലേക്കാരോ മുങ്ങിയിറങ്ങുന്നു
ജലശംഖുകള്‍ കരയുന്നു
മല്സ്യ കന്യകകള്‍
കാതോര്ക്കുന്നു
നീരാളികളുടെ കൈകളില്‍നിന്നു
ദൈവം ഊര്‍ന്നിറങ്ങി വരുന്നു
കടല്‍ക്കുതിരകള്‍
സാത്താനെതിരെ
പട നയിക്കുന്നു

ഒരു പെണ്ണു അശാന്തിയുടെ ഈ തീരത്ത് ഇപ്പൊഴും ആരെയോ കാത്തിരിക്കുന്നു

കടല്‍ ഒരു സന്‍ചാരിയാണു
അതു നാടുകളില്‍നിന്നു നാടുകളിലേക്കു
കപ്പലോടിക്കുന്നു
തീരങ്ങള്‍ പിടിക്കുന്നു
പീരങ്കികള്‍ ഗര്ജ്ജിക്കുന്നു
വെടിയുപ്പു മണക്കുന്നു
മുടന്തി നടക്കുന്ന ഞണ്ടുകള്‍
അധിനിവെശത്തിന്റെ
നൂറ്റാണ്ടു പിറവികളാഘോഷിക്കുന്നു

ഗാമയുടെ കപ്പലെത്തുന്നു
സാമൂതിരിക്കു സന്തോഷം
കടല്‍ കൊള്ളയുടെ ഇരകളെന്ന പോല്‍
ഒരു ഹജ്ജു കപ്പല്‍ തീരമണയുന്നു
ഗാമ ഇരകളെ കാത്തിരിക്കുന്നു
കടലിനു തീപ്പിടിക്കുന്നു
കുഞ്ഞാലി മരക്കാര്‍
പട നയിക്കുന്നു
വെടിമരുന്നറകളില്‍ നിന്നു
ചതിയുടെ കടല്‍പ്പാംബുകള്‍
പുറപ്പെടുന്നു

കടല്‍ പ്രണയിനിയാകുന്നു
പളനിയെ കടലെടുക്കുമ്പോള്‍
അതു കറുത്തമ്മയെ വിധവയാക്കുന്നു
തകഴി അസ്വസ്ഥനായി
പുറക്കാട്ടു കടപ്പുറത്തലയുന്നു
ചെംബന്‍കുഞ്ഞിനെ പേനയില്‍ കൊരുത്തെടുക്കുന്നു
അതു കിഴവനും കടലുമായി
ഹെമിങ്വേയുടെ
ഉറക്കം കെടുത്തുന്നു

കടല്‍
അതു ഞാന്‍ തന്നെ
എന്റെ കാലടിയില്‍ മണല്‍ത്തരികളായി
അതു മുരണ്ടുറങ്ങുന്നു
അതിന്റെ മണല്‍ത്തിട്ടകളില്‍
ഞണ്ടുകള്‍
പ്രണയിക്കുന്നു
ഇരുണ്ട രാത്രിയാകശങ്ങളില്‍ നിന്നു
ഒരൊറ്റ നക്ഷത്രം
കടലിലേക്കു ചാടുന്നു
ആത്മാഹുതിയുടെ പ്രപന്ച സത്യം പോലെ
അതു കടലിന്നഗാധതയിലേക്കൊടുങ്ങിപ്പോകുന്നു

കടല്‍
പ്രവാചകന്റെ വഴിയാകുന്നു
അതു
മോശയുടെ മാന്ത്രിക വടിയായി
ചെങ്കടല്‍ പിളര്ക്കുന്നു
ഫറവോനെ മുക്കിക്കൊല്ലുന്നു
നോഹയുടെ പെട്ടകമായി
ജീവ ജാലങ്ങള്‍ക്കാശ്രയമാകുന്നു
രാമന്റെ പരശുവായി കടലിനെ കരയാക്കുന്നു
സേതു ബന്ധനത്താല്‍ സീതയെ വീണ്ടെടുക്കുന്നു
ത്രേതായുഗത്തിലെ രാമനായി
അതു രാവണന്‍ കോട്ടകള്‍
ഭേദിക്കുന്നു

കടല്‍ ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളാകുന്നു
കാത്തിരിപ്പിന്റെ വിരഹ നൊംബരങ്ങളില്‍
അതു ചാകര സ്വപ്നം കാണുന്നു
ചീഞ്ഞ മീന്‍ മണവുമായി കടല്‍കാറ്റെത്തുംബോള്‍
എവിടെയോ കടലെടുത്തൊരരയന്റെ ജഡം കരക്കണയുന്നു
അരയത്തി കടലമ്മയെ പ്രാകുന്നു
കടലില്‍നിന്നു കരയിലേക്കു മീനുകള്‍
യാത്രയാകുന്നു
കടല്‍ക്കൊള്ളക്കാരുടെ വഞ്ചികളില്‍ ചാകര നിറയുന്നു
അരയന്റെ മനസ്സില്‍ വലകള്‍ പിഞ്ഞിപ്പോയിരിക്കുന്നു
കടലെടുത്ത അരയനു വേണ്ടി ആരോ ബലിയിടുന്നു

കടല്‍ ബലിക്കക്കകളെ കൈ കൊട്ടി വിളിക്കുന്നു
ബലിക്കാക്കകള്‍ കരയുന്നില്ല
നനഞ്ഞ ആത്മാക്കളായി പറന്നെത്തുന്നില്ല
സ്വപ്നങ്ങളില്‍പ്പോലും വരുന്നില്ല.
---------------------

2008, ഡിസംബർ 4, വ്യാഴാഴ്‌ച

കവിതയുടെ രസ തന്ത്രം

കവിത ജീവിതം തന്നെയാകുന്നു.ഇരുണ്ടതും,ഭീകരവുമായ ഈകാലത്ത് അതു പ്രതിരോധത്തിന്റെ വന്മതില്‍ പണിയുന്നു.സമാധാനത്തിന്റെ കാലത്ത് അതു പ്രണയവും,വിരഹവുമാകുന്നു.
അധിനിവേശത്തിന്റെ ഈ കെട്ട കാലത്ത് പോരാട്ടത്തിന്റെ ഒരു ചെറു ജ്വാലയെങ്കിലുമാകാനായെങ്കില്‍ഞാന്‍ ക്ര്-താര്‍ഥനായി.

നമ്മളൊന്നെന്നു പാടണം

കവിത

നമ്മളൊന്നെന്നു പാടണം

മെഹമൂദ്

ചോര മണക്കുമീ വഴ്യിലീ സന്ധ്യയില്‍
നിന്നെയും കാത്തു ഞാനൊറ്റക്കിരിക്കവേ
ഓര്‍ക്കയാണോമനേ നമ്മള്‍ പരസ്പരം
പോരാടി നേടിയൊരനുരാഗ രാത്രികള്‍

ചാഞ്ഞൊരാ ചെമ്പകക്കൊമ്പില്‍ കുറുകുന്ന
കാക്കക്കറുപ്പാര്‍ന്ന സന്ധ്യകളെത്രയോ
പുളീമരച്ചോട്ടിലെക്കരിയിലപോലിരുള്‍
കുമിയുന്ന രത്രിതന്നന്ത്യ യാമങ്ങളില്‍

യക്ഷിപ്പറമ്പിലെയജ്നാത ഗാനവും
മലകളില്‍ കുളിരിന്റെ മഞ്ഞു മേഘങ്ങളും
കെവലാനന്ദത്തിലെങ്ങോമുഴങ്ങുമുടുക്കിന്റെ നാദവും കുഞ്ഞിന്‍ കരച്ചിലും

ആകശ പുഷ്പം പറിക്കുവാന്‍ ചെന്നൊരാ പാവമിക്കാറസിന്‍ ചിറകറ്റ മോഹവും
മേച്ചില്‍പ്പുറങ്ങളില്‍ മണ്ണു തിന്നലയുന്ന
പൈക്കള്‍തന്‍ ദാഹവും,വിശപ്പിന്റെയഗ്നിയും

രാവിന്റെയേകാന്ത യാമങ്ങളില്‍ വന്നു
വാതിലില്‍ മുട്ടുന്നൊരപരിചിത ഗന്ധവും

തീച്ചെണ്ടകള്‍ പൊട്ടുമേതോ കൊടുങ്കാട്ടി
ലവസാനമില്ലത്തയാഭിചാരങ്ങളും

ചേതനയറ്റൊരാ മ്റ്ത്യു ഗേഹങ്ങളും

ഭക്ഷിച്ചു തീരാത്ത മാംസ പിണ്ഡങ്ങളും
തുള്ളിപ്പനിച്ചു വിറക്കും പകലിന്റെ
പച്ച മാംസം വെന്തു കരിയുന്ന ഗന്ധവും

എങ്ങായിരുന്നു നീ! എന്തായിരുന്നു നീ ?
പ്രണയിനീ നിന്നെത്തിരഞ്ഞു ഞാനെവിടെയും
കാറ്റില്‍,കരയിലെക്കാട്ടില്‍, കടലിലും
കണ്ണിലെ ക്രിഷ്ണ മണിയിലും,പൂവിലും

പുഴു തിന്നൊരിലയിലും,പൂക്കാത്ത മാവിലും
കായ്‌ക്കാത്ത മച്ചിയാം പ്ളാവിതിന്‍ ചോട്ടിലും
തലപോയ കേര വ്റ്ക്ഷത്തിന്റെ മണ്ടയില്‍
ചേക്കെറുമേതോ പക്ഷി തന്‍ കൂട്ടിലും

എവിടെയുമില്ല നീ,തീ നാളമായ്‌ നിന്നു കത്തുവാനല്ലയോ
വന്നിതു ഭൂമിയില്‍
കാത്തിരിപ്പാണു ഞാന്‍ പിന്നെയും,പിന്നെയും
ചോര മണക്കുമിപ്പാതയിലേകനായ്

ചത്തുപോയ് തീരത്തു നാമന്നു നട്ടൊരാ
ബൊധി വ്റ്ക്ഷത്തിന്റെ
തായ് വേരുമറ്റുപോയ്.

തഥാഗതന്‍ വന്നില്ല,സാന്ത്വനം തന്നില്ല
ആനന്ദനെവിടെയോ പോയ് മറഞ്ഞു

കരയുന്ന ബുധ്ധനെക്കണ്ടില്ല,കടലിന്റെയാഴങ്ങളില്‍നിന്നുമാരോവിളിക്കയായ്

നീരാളിയാവാം,നീരാട്ടിനെത്തിയ കടലമ്മയാവാം,കാത്തിരിപ്പണു ഞാന്‍.

കളിമണ്ണുകൊണ്ടു നാം പണിതൊരാ കൂരയില്‍
മുറ്റത്തു തത്തിക്കളിക്കുന്നു കോഴികള്‍,
കനല്‍ക്കണ്ണുമായ്‌ ചാരേയിരിക്കുന്നു മാര്‍ജ്ജാര
ജന്മമൊരു മ്റ്ത്യുവിന്നോര്‍മ്മയായ് കാലവും

എവിടെയോ രാവിന്നുടുപ്പിട്ടു വേതാള
രൂപമൊന്നെത്തുന്നു ന്ര്ത്തച്ചുവടുമായ്
മരിച്ചുപോയ് കാലമീച്ചുടലയില്‍,ഗൌതമ
ബുധ്ധനിത്തെന്നു,കത്തും വിശപ്പുമായ്

പ്രിയ സഖീയോര്‍ക്കുക,രാവേറെയായ്
ചോര മണമുള്ള പാതയില്‍ കാത്തിരിപ്പാണു ഞാന്‍
പോയ നൂറ്റാണ്ടിന്റെ ശവ മന്ചമേറിനീ
വന്നെത്തുമെന്നു നിനച്ചിരിപ്പാണു ഞാന്‍

വിലാപ കാവ്യങ്ങളില്‍,വിരഹ ദുഃഖങ്ങളില്‍
യോധ്ധാക്കള്‍ പാടുന്ന സമര ഗീതങ്ങളില്‍
പടയില്‍ തോറ്റവര്‍ പാടുന്ന പാട്ടിതില്‍
നിലവിളികളുയരും കുരുക്ഷേത്ര ഭൂമിയില്‍

അജ്നാതരായിരം വന്നടിഞ്ഞെത്തി
യൊടുങ്ങുന്നൊരീ നഗര ചത്വരങ്ങള്‍ തന്നി
ലെവിടെയോ കരാഗ്ര്ഹങ്ങളിലേകാന്തമാമിരുട്ടറകളില്‍
സ്വപ്നങ്ങളെല്ലാം കരിയുമിടങ്ങളില്‍

നഷ്ട ജന്മങ്ങളെ ഗര്‍ഭം ധരിക്കുന്നൊരമ്മമാര്‍തന്നുദര ഗേഹങ്ങളില്‍
ചത്ത കുന്നിക്കുരുവൊന്നിനെത്തേടി
യലയുമീ ബാല്യ കൌമാരങ്ങള്‍ തന്നോര്‍മ്മയില്‍

നീയെന്നു വരുമെന്നോര്‍ത്തിരിപ്പാണു ഞാന്‍
എല്ലാ കഥകളും ചൊല്ലിയാടിക്കുവാന്‍
കളിവിളക്കണയുവാന്‍ നേരമായ്‌
തിരശ്ശീല വീഴുന്നതിന്‍ മുന്പണയുക തോഴി നീ

കാഞ്ഞിര മരമൊന്നു നട്ടു ഞാനിന്നെന്റെ
കൂരതന്‍ മുന്നിലായ്,പൂക്കട്ടെ,കായ്കട്ടെ
കയ്പുനീരേറെക്കുടിച്ചവരല്ലയോ
നാമിനി കാഞ്ഞിരക്കായകള്‍ തിന്നണം

കാലാന്തരേ കൈയ്പു ശമിക്കാതിരിക്കണം
ശിക്ഷയായ് നാമിന്നതേറ്റെടുത്തീടണം
ഈ തീര ദേശത്തു കോരകപ്പുല്ലുകള്‍
പെറ്റു പെരുകി നാം വെട്ടി മരിക്കണം

പ്രളയത്തില്‍ ദ്വാരക മുങ്ങണം,പിന്നെ
മഹാ മായ തന്നുദരത്തില്‍ കലികാല ബുധ്ധന്‍ പിറക്കുമാ നാള്‍ വരെ കാത്തിരുന്നീടണം
കനിവാര്‍ന്ന കാലത്തിനു കാതോര്‍ത്തിരിക്കണം

പൂക്കാത്ത കാലം കടന്നു പോയീടണം
കായ് കനികള്‍ കായ്ക്കാത്ത കാലവും മാറണം
അന്നു നാം വീണ്ടും പ്രണയിക്കുവാനായ് പിറക്കണം,
വീണ്ടുമീ തീരമണയണം

ഒരു മണ്‍ കുടിലു നാം പണിയണം
കോഴികള്‍ കൂകിപ്പുലരും പ്രഭാതങ്ങള്‍
പൂക്കളായ് പൊട്ടിയുണരണം
അന്തക വിത്തുകള്‍ കത്തിച്ചു കളയണം

പാട വരമ്പത്തു പൂക്കാലമെത്തണം
ദൈവവും ,മര്‍ത്ത്യനുമൊന്നിച്ചുപാടണം
ഞാറ്റടിപ്പാട്ടുകള്‍ വീണ്ടും മുഴങ്ങണം
ഞാറ്റു വേലക്കെന്റെയോമനേയെത്തണം

പ്ളാസ്റ്റിക് മോന്തകള്‍ തല്ലിയുടക്കണം
കാക്കക്കൂടുകളില്‍ കല്ലെറിഞ്ഞീടുന്ന
കുട്ടികള്‍ പിന്നെയുമൊന്നയ് പാടണം
....അയ്യപ്പന്റമ്മാ നെയ്യപ്പം ചുട്ടേ
....കാക്ക കൊത്തി കടലിലിട്ടേ...

കൊരന്റെ കുമ്പിളില്‍ കഞ്ഞിയെത്തീടണം
ഒന്നിച്ചുലക്കമേലൊന്നയ് കിടക്കണം
ഓമനേ നമ്മളൊന്നെന്നു പാടണം
ഒന്നയ് നിന്നൊരു വന്മതിലാവണം

-----------------------

2008, ഡിസംബർ 1, തിങ്കളാഴ്‌ച

ഞാനൊരു മലബാരി മാപ്പിളയാണ്

കവിത

ഞാനൊരു മലബാരി മാപ്പിളയാണ്

മെഹ്‌മൂദ്

നിങ്ങളെന്താണിങ്ങനെ തുറിച്ചു നോക്കുന്നത് ?
സംശയമാണോ ?
എന്റെ തൊപ്പിയില്‍,താടിയില്‍,നിസ്കാരത്തയംബില്‍
ഞാന്‍ നടന്നു പോയ തീയുള്ള പാതകളില്‍
എന്റെ സഹനങ്ങളുടെ കനല്‍ വഴികളിലൊക്കെയും
നിങ്ങളുമെന്നെ പിന്തുടര്‍ന്നിരുന്നുവല്ലോ
ഓരോ നിശബ്ദ രാത്രികളിലും,ഓരോ ദുസ്വപ്നങ്ങളിലും
ഒരു വേട്ടക്കാരനെപ്പോലെ

എന്റെ ഗസലുകളിലെ പ്രണയം
പണ്ടത്തേതുപോല്‍
പൂക്കുന്നില്ല
എന്റെ കിനാക്കളിലെ പ്ക്ഷിപ്പാട്ടുകളും,കത്തുപാട്ടുകളും
വിരഹവും,സഹനവുമായി
ഹുസനുല്‍ ജമാലിന്റെ ഈരടികളില്‍നിന്ന്
പുന്നാരത്താളം മികന്തൊരു
ബീവിയായി മണിയറയണയുന്നില്ല

മോയിന്‍ കുട്ടി വൈദ്യര്‍ ബദര്‍ പടപ്പാട്ടു പാടിയ കാലം
എന്റെ മൌനം,എന്റെ ഭീകര നിശബ്ദത
ആത്മാവിലെ കത്തുന്ന വിശപ്പ്
ഒന്നും മറന്നിട്ടില്ല ഞാന്‍
അതേ...സംശയിക്കല്ലേ
ഞാനൊരു മലബാറി മാപ്പിളയാണ്
കടലില്‍ പറങ്കികളോടേറ്റവന്‍
കരയില്‍ വീര ശുഹദാക്കളായവന്‍
വാഗണില്‍ മയ്യത്തായി പൊരുതിയവന്‍
തടവറകളില്‍ നിന്നു സലാത്ത് ചൊല്ലിയവന്‍
അറബി മലയാളത്തിന്റെ ഓരോ ഏടുകളിലും
നിങ്ങളറിഞ്ഞിട്ടില്ലാത്ത
എന്റെ കഥയുണ്ട്

ഞങ്ങള്‍ പറങ്കിപ്പടയോടേറ്റുമുട്ടി ശഹീദാകുമ്പോള്‍
നിങ്ങള്‍
കടല്‍ കടന്നെത്തിയ വെള്ളക്കരനു താലപ്പൊലിയേന്തി
വരവേല്‍ക്കുകയായിരുന്നു.
ഞങ്ങള്‍ മയ്യത്തയിക്കൊണ്ടിരുന്നപ്പോള്‍
നിങ്ങള്‍ അധിനിവേശകര്‍ക്ക് വിരുന്നൊരുക്കുകയായിരുന്നു
കല്‍ത്തുറുങ്കുകളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഞങ്ങള്‍ പാടുകയായിരുന്നപ്പോള്‍
പാരതന്ത്ര്യത്തിന്റെ കുനിഞ്ഞു പോയ ശിരസ്സുകളായിരുന്നു നിങ്ങള്‍

നിങ്ങളെന്താണിങ്ങനെ തുറിച്ചു നോക്കുന്നത്
സംശയമാണോ
കണ്ടോളൂ ഈ നെറ്റിയിലെ നിസ്കാരത്തയമ്പ്
ഈ ഭാരത മാതാവിന്റെ മണ്ണില്‍
നെറ്റി ചേര്‍ത്തുണ്ടായതാണ്
രാജ്യ ദ്രോഹികളുടെ പീരങ്കികള്‍ക്കു മുന്നില്‍
വിരിമാറു കാട്ടിയ
ഏറനാട്ടിലെ മാപ്പിള
തൂക്കുമരങ്ങളില്‍ കിടന്നു മരിച്ചുകൊണ്ട് ചിരിച്ചവന്‍

നോക്കിപ്പേടിപ്പിക്കല്ലേ
കേള്‍ക്കുന്നുണ്ടോ നിങ്ങള്‍
ഗാമയുടെ കപ്പല്‍ തീയിട്ടു കൊന്ന തീര്‍ഥാടകരുടെ നിലവിളി
ഓരോ പടയോട്ടത്തിലും
മരിച്ചൊടുങ്ങിയവര്‍ ഞങ്ങളാണ്
തീയിലെരിഞ്ഞുപോയവര്‍ ഞങ്ങ്ളാണ്
കഴുമരമേറിയവര്‍ ഞങ്ങളാണ്
പടപ്പാട്ടു പാടിയവര്‍
ഞങ്ങളാണ്
നിങ്ങ്ളോ ?
ഒറ്റുകാരായിരുന്നു
അടിമത്തത്തിന്റെ നുകം പേറി
ഒത്തുതീര്‍പ്പിന്റെ നാണം കെട്ട വിഴുപ്പുമേന്തി
നിങ്ങ്ളിപ്പോഴും
ഞങ്ങളെ സംശയിക്കുന്നു

കേട്ടോളൂ
ഒരു ദിനം വരും
മയ്യത്തായിപ്പോയ ഓരോമലബാരി മാപ്പിളയും
ഖബര്‍ പൊളിച്ചുയിര്‍ത്തു വരും
ഇനിയും മരിച്ചുപോയിട്ടില്ലാത്തവര്‍ക്കായി
ശുഹദാക്കളുടെ രക്തത്താല്‍
അവരീ നാടിനു തിലകം ചാര്‍ത്തും
അന്നും നിങ്ങള്‍
ഞങ്ങളെ സംശയിക്കല്ലേ
കളങ്കമേതുമില്ലാത്ത ഒരു പാവം മലബാറി മാപ്പിളയാണു ഞാന്‍
ഈ മണ്ണില്‍ പിറന്നവന്‍
പിറന്ന മണ്ണിനെ സ്നേഹിക്കണമെന്ന് ഖുറാനിലും ഹദീസിലും പഠിച്ചവന്‍
അഞ്ചു നേരവും നെറ്റിത്തടം
ഈ ഭൂമിയില്‍ തൊട്ട്
അല്ലാഹുവിനോട് എല്ലാ മഖ്ലൂക്കുകള്‍ക്കുമായി
നന്മ മാത്രം തേടുന്നവന്‍
അനീതിയെ ചെറുക്കാന്‍ ശീലിച്ചവന്‍
ദൈവം ക്ഷമാ ശീലര്‍ക്കൊപ്പമെന്നറിയാവുന്നവന്‍
സഹോദരാ.... സംശയിക്കല്ലേ
തുറിച്ചു നോ ക്കല്ലേ
പേടിപ്പിക്കല്ലേ...
ഞാനൊരു പാവമാണ്
ഈ മണ്ണിന്റെ മാത്രം മകന്‍
ഒരു പാവം മലബാറി മാപ്പിള.

------------------------