2008, ഡിസംബർ 1, തിങ്കളാഴ്‌ച

ഞാനൊരു മലബാരി മാപ്പിളയാണ്

കവിത

ഞാനൊരു മലബാരി മാപ്പിളയാണ്

മെഹ്‌മൂദ്

നിങ്ങളെന്താണിങ്ങനെ തുറിച്ചു നോക്കുന്നത് ?
സംശയമാണോ ?
എന്റെ തൊപ്പിയില്‍,താടിയില്‍,നിസ്കാരത്തയംബില്‍
ഞാന്‍ നടന്നു പോയ തീയുള്ള പാതകളില്‍
എന്റെ സഹനങ്ങളുടെ കനല്‍ വഴികളിലൊക്കെയും
നിങ്ങളുമെന്നെ പിന്തുടര്‍ന്നിരുന്നുവല്ലോ
ഓരോ നിശബ്ദ രാത്രികളിലും,ഓരോ ദുസ്വപ്നങ്ങളിലും
ഒരു വേട്ടക്കാരനെപ്പോലെ

എന്റെ ഗസലുകളിലെ പ്രണയം
പണ്ടത്തേതുപോല്‍
പൂക്കുന്നില്ല
എന്റെ കിനാക്കളിലെ പ്ക്ഷിപ്പാട്ടുകളും,കത്തുപാട്ടുകളും
വിരഹവും,സഹനവുമായി
ഹുസനുല്‍ ജമാലിന്റെ ഈരടികളില്‍നിന്ന്
പുന്നാരത്താളം മികന്തൊരു
ബീവിയായി മണിയറയണയുന്നില്ല

മോയിന്‍ കുട്ടി വൈദ്യര്‍ ബദര്‍ പടപ്പാട്ടു പാടിയ കാലം
എന്റെ മൌനം,എന്റെ ഭീകര നിശബ്ദത
ആത്മാവിലെ കത്തുന്ന വിശപ്പ്
ഒന്നും മറന്നിട്ടില്ല ഞാന്‍
അതേ...സംശയിക്കല്ലേ
ഞാനൊരു മലബാറി മാപ്പിളയാണ്
കടലില്‍ പറങ്കികളോടേറ്റവന്‍
കരയില്‍ വീര ശുഹദാക്കളായവന്‍
വാഗണില്‍ മയ്യത്തായി പൊരുതിയവന്‍
തടവറകളില്‍ നിന്നു സലാത്ത് ചൊല്ലിയവന്‍
അറബി മലയാളത്തിന്റെ ഓരോ ഏടുകളിലും
നിങ്ങളറിഞ്ഞിട്ടില്ലാത്ത
എന്റെ കഥയുണ്ട്

ഞങ്ങള്‍ പറങ്കിപ്പടയോടേറ്റുമുട്ടി ശഹീദാകുമ്പോള്‍
നിങ്ങള്‍
കടല്‍ കടന്നെത്തിയ വെള്ളക്കരനു താലപ്പൊലിയേന്തി
വരവേല്‍ക്കുകയായിരുന്നു.
ഞങ്ങള്‍ മയ്യത്തയിക്കൊണ്ടിരുന്നപ്പോള്‍
നിങ്ങള്‍ അധിനിവേശകര്‍ക്ക് വിരുന്നൊരുക്കുകയായിരുന്നു
കല്‍ത്തുറുങ്കുകളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഞങ്ങള്‍ പാടുകയായിരുന്നപ്പോള്‍
പാരതന്ത്ര്യത്തിന്റെ കുനിഞ്ഞു പോയ ശിരസ്സുകളായിരുന്നു നിങ്ങള്‍

നിങ്ങളെന്താണിങ്ങനെ തുറിച്ചു നോക്കുന്നത്
സംശയമാണോ
കണ്ടോളൂ ഈ നെറ്റിയിലെ നിസ്കാരത്തയമ്പ്
ഈ ഭാരത മാതാവിന്റെ മണ്ണില്‍
നെറ്റി ചേര്‍ത്തുണ്ടായതാണ്
രാജ്യ ദ്രോഹികളുടെ പീരങ്കികള്‍ക്കു മുന്നില്‍
വിരിമാറു കാട്ടിയ
ഏറനാട്ടിലെ മാപ്പിള
തൂക്കുമരങ്ങളില്‍ കിടന്നു മരിച്ചുകൊണ്ട് ചിരിച്ചവന്‍

നോക്കിപ്പേടിപ്പിക്കല്ലേ
കേള്‍ക്കുന്നുണ്ടോ നിങ്ങള്‍
ഗാമയുടെ കപ്പല്‍ തീയിട്ടു കൊന്ന തീര്‍ഥാടകരുടെ നിലവിളി
ഓരോ പടയോട്ടത്തിലും
മരിച്ചൊടുങ്ങിയവര്‍ ഞങ്ങളാണ്
തീയിലെരിഞ്ഞുപോയവര്‍ ഞങ്ങ്ളാണ്
കഴുമരമേറിയവര്‍ ഞങ്ങളാണ്
പടപ്പാട്ടു പാടിയവര്‍
ഞങ്ങളാണ്
നിങ്ങ്ളോ ?
ഒറ്റുകാരായിരുന്നു
അടിമത്തത്തിന്റെ നുകം പേറി
ഒത്തുതീര്‍പ്പിന്റെ നാണം കെട്ട വിഴുപ്പുമേന്തി
നിങ്ങ്ളിപ്പോഴും
ഞങ്ങളെ സംശയിക്കുന്നു

കേട്ടോളൂ
ഒരു ദിനം വരും
മയ്യത്തായിപ്പോയ ഓരോമലബാരി മാപ്പിളയും
ഖബര്‍ പൊളിച്ചുയിര്‍ത്തു വരും
ഇനിയും മരിച്ചുപോയിട്ടില്ലാത്തവര്‍ക്കായി
ശുഹദാക്കളുടെ രക്തത്താല്‍
അവരീ നാടിനു തിലകം ചാര്‍ത്തും
അന്നും നിങ്ങള്‍
ഞങ്ങളെ സംശയിക്കല്ലേ
കളങ്കമേതുമില്ലാത്ത ഒരു പാവം മലബാറി മാപ്പിളയാണു ഞാന്‍
ഈ മണ്ണില്‍ പിറന്നവന്‍
പിറന്ന മണ്ണിനെ സ്നേഹിക്കണമെന്ന് ഖുറാനിലും ഹദീസിലും പഠിച്ചവന്‍
അഞ്ചു നേരവും നെറ്റിത്തടം
ഈ ഭൂമിയില്‍ തൊട്ട്
അല്ലാഹുവിനോട് എല്ലാ മഖ്ലൂക്കുകള്‍ക്കുമായി
നന്മ മാത്രം തേടുന്നവന്‍
അനീതിയെ ചെറുക്കാന്‍ ശീലിച്ചവന്‍
ദൈവം ക്ഷമാ ശീലര്‍ക്കൊപ്പമെന്നറിയാവുന്നവന്‍
സഹോദരാ.... സംശയിക്കല്ലേ
തുറിച്ചു നോ ക്കല്ലേ
പേടിപ്പിക്കല്ലേ...
ഞാനൊരു പാവമാണ്
ഈ മണ്ണിന്റെ മാത്രം മകന്‍
ഒരു പാവം മലബാറി മാപ്പിള.

------------------------

അഭിപ്രായങ്ങളൊന്നുമില്ല: